നല്ല കള്ളന്‍.! മൂന്ന് ദിവസം മുമ്പ് മോഷ്ടിച്ച 25 പവന്‍ ഇന്ന് കാലത്ത് വീട്ടു മുറ്റത്ത് ഉപേക്ഷിച്ചു

283

കാസര്‍കോട്: മനസലിവുള്ള കള്ളന്മാരുടെ കഥ നമ്മുടെ നാട്ടില്‍ സ്ഥിരമാണ്. അത്തരത്തില്‍ ഒരു നല്ല കള്ളന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാസര്‍കോട് ഒഴിഞ്ഞവളപ്പില്‍ നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടുടമയ്ക്ക് തിരിച്ചു നല്‍കിയിരിക്കുന്നു മോഷ്ടാവ്.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കള്ളന്‍ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. ശേഷം കഴിഞ്ഞ ദിവസം വിട്ടുമുറ്റത്ത് തന്നെ തിരിച്ച് കൊണ്ട് വന്നിടുകയായിരുന്നു മോഷ്ടാവ്. പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണ്ണം

ഫെബ്രുവരി 10 നാണ് കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പില്‍ രമേശന്റെ വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണാഭരണങ്ങളും അയ്യായിരം രൂപയും മോഷണം പോയത്. വാതിലിന്റെ പൂട്ട് പൊട്ടിച്ചാണ് മോഷണ സംഘം അകത്ത് കടന്നത്. തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാര തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു.

രമേശനും ഭാര്യയും രണ്ട് മക്കളും വീടിനകത്ത് ഉണ്ടായിരുന്നെങ്കിലും ഒന്നും അറിഞ്ഞിരുന്നില്ല. പിറ്റേന്ന് മോഷണ വിവരം അറിഞ്ഞ ശേഷം പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.