മരക്കാർ റിലീസ് കോവിഡ് തകർത്തു: ആദ്യഷോ ഉദ്ദേശിച്ചത് 350 തീയറ്ററുകളിലായി രാത്രി 12ന്.!!

മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന മരക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസ് പദ്ധതികൾ മുടങ്ങിയത് കോവിഡ് മൂലമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ബഹുഭാഷാ റിലീസായി മാർച്ച് 26ന് ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്യണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ആ സമയത്താണ് ലോക്ക് ഡൗൺ തീരുമാനിച്ചത്. തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിത കാലത്തേയ്ക്ക് നീട്ടി വയ്ക്കുകയായിരുന്നു.

മലയാളത്തിലെ ആദ്യ നൂറ് കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സാധാരണ സിനിമകൾ തീയറ്റർ പ്രദർശന സമയം ഈരംഭിക്കുമ്പോൾ 1000 പ്രത്യേക ഷോകൾ പൂർത്തിയാക്കണമെന്നായിരുന്ന ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിൻ കലാഭവന്റെ ലണ്ടൻചാപ്റ്ററിന് നൽകിയ ഫേസ്ബുക്ക് ലൈവ് അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

കേരളത്തിൽ 350ഓളം തീയറ്ററുകളിലായി രാത്രി 12 മണിയ്ക്കായിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. അതായത് സാധാരണ ഷോ തുടങ്ങുന്ന സമയമാകുമ്പോഴേയ്ക്കും ആയിരം ഷോകൾ പൂർത്തിയാവുന്ന വിധത്തിൽ ആയിരുന്നു കാര്യങ്ങൾ ഉദ്ദേശിച്ചിരുന്നത്. ആ പ്ലാനുകൾ ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയാണ് അതിന്റെ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ തുടർന്ന് ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം2 വിന്റെ ചിത്രീകരണം നിർത്തിവയ്‌ക്കേണ്ട സാഹര്യം ഉണ്ടായിരുന്നു. പിന്നീട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ് ആരംഭിച്ചത്. എറണാകുളത്തും തൊടുപുഴയിലുമാണ് ഷൂട്ടിങ്ങ് നടത്തിയത്.