മഞ്ഞൾ ചില്ലറക്കാരനല്ല : രോഗപ്രതിരോധ ശക്തികൂട്ടാൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന മഞ്ഞളിന്റെ ഗുണങ്ങൾ ഇവയെല്ലാം…

മഞ്ഞൾ ഒരു ചില്ലറക്കാരനല്ലെന്ന് എല്ലാവർക്കുമറിയാം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ് മഞ്ഞൾ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മഞ്ഞൾ പോലെ ഉത്തമ ഔഷധം വേറെയില്ല. നിത്യജീവിതത്തിൽ മഞ്ഞൾ ഒഴിവാക്കാൻ സാധിക്കാത്തതാണ്. ശരീരത്തിനകത്തും പുറത്തുമുള്ള പ്രശ്‌നങ്ങൾക്ക് ഒരുപോലെ മഞ്ഞൾ ഉപയോഗിക്കാവുന്നതാണ്.

ആഹാരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വിഷാംശങ്ങൾ നീക്കം ചെയ്യാനും ക്യാൻസർ പോലെയുള്ള രോഗങ്ങൾ പ്രതിരോധിക്കാനും മഞ്ഞൾ സഹായിക്കും. പ്രമേഹം, കരൾ രോഗങ്ങൾ ത്വക്ക് രോഗങ്ങൾ എന്നിവ പരിഹരിക്കാനും മഞ്ഞൾ നമ്മൾ ഉപയോഗിക്കാറുണ്ട്. സാധാരണയായി വീടുകളിൽ എങ്ങനെ മഞ്ഞൾ ഉപയോഗിക്കാം എന്ന് നോക്കാം. മഞ്ഞൾ പ്രധാനമായും രോഗപ്രതിരോധ ശേഷി നമുക്ക് നൽകുന്ന ഒന്നാണ്. മഞ്ഞൾ പാലിൽ കലർത്തി കുട്ടികൾക്ക് നൽകുന്നത് അവർക്ക് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ഒപ്പം കാച്ചിയ പാലിൽ കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയ്‌ക്കൊപ്പം ഒരു നുള്ള് കുരുമുളക് പൊടികൂടി ചേർത്ത് കുടിക്കുന്നത് ഏറ്റവും നല്ലതാണ്. ഇത് രാത്രിയോ രാവിലെയോ കുടിയ്ക്കാം.

മഞ്ഞളും തേനും ചേർന്നാൽ ഉത്തമമാണ്. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചെറുതേനിൽ ചാലിച്ച് കുഞ്ഞുങ്ങൾക്ക് നൽകിയാൽ അവർക്ക് രോഗപ്രതിരോധ ശക്തി വർധിക്കും. മുതിർന്നവർക്ക് ചെറുതേനിനു പകരം വലിയ തേൻ ഉപയോഗിക്കാവുന്നതാണ്. രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ മഞ്ഞൾ ചൂടുവെള്ളത്തിൽ കലർത്തി കുടിക്കുകയോ, അല്ലെങ്കിൽ അതുകൊണ്ട് ചായ ഉണ്ടാക്കി കുടിയ്ക്കുകയോ ചെയ്യാം.

അലർജ്ജി, ശ്വാസം മുട്ടൽ, തുമ്മൽ എന്നിവയുള്ളവർക്കും മഞ്ഞൾ ഒരു ഉത്തമ ഔഷധമാണ്. മഞ്ഞൾ തേനിൽ ചാലിച്ച് അതിരാവിലെ കഴിക്കുന്നവർക്ക് അലർജ്ജി, കരൾ സംബന്ധമായ രോഗങ്ങൾക്ക് ശമനമുണ്ടാക്കും. കാൽ ടീസ്പൂൺ മഞ്ഞളിനൊപ്പം ഒരു തണ്ട് കറിവേപ്പല കൂടി അരച്ച് സമം ചേർത്ത് നെല്ലിക്കാവലുപ്പത്തിലാക്കി അതിരാവിലെ വെറുവയറ്റിൽ സേവിച്ചാൽ കാലപ്പഴക്കം ചെന്ന തുമ്മലിനും എക്‌സിമ, സോറിയാസിസ് പോലെയുള്ള ത്വക്ക് രോഗങ്ങൾക്കും ഗുണം ചെയ്യും.

പച്ചമഞ്ഞളും ആര്യവേപ്പിലയും സമം ചേർത്തരച്ച് ഒരാഴ്ചയോളം കുഴിനഖത്തിൽ പുരട്ടിയാൽ അത് കുറയുന്നതാണ്. കറ്റാർ വാഴയുടെ നീരും പച്ചമഞ്ഞളും ചേർത്ത് പുരട്ടിയാൽ കുഴിനഖത്തിന് ആശ്വാസമുണ്ടാവും. പച്ചമഞ്ഞൾ ലഭിക്കാത്തവർക്ക് മഞ്ഞൾപ്പൊടി വേപ്പെണ്ണയിൽ കലർത്തി കുഴമ്പ് രൂപത്തിലാക്കി ഉപയോഗിച്ചാൽ നഖസംബന്ധമായ രോഗങ്ങൾക്ക് ഉത്തമ ഔഷധമാണ്.
പഴുതാര, എട്ടുകാലി എന്നീ പ്രാണികളുടെ വിഷമേറ്റാൽ പച്ചമഞ്ഞളും തുളസിയില നീരും ചേർത്തു പുരട്ടിയാൽ ശമനം ഉണ്ടാവുന്നതാണ്.

പ്രമേഹ രോഗികൾക്ക് മഞ്ഞൾ ഒരു ഉത്തമ ഔഷധമാണ്. പച്ചമഞ്ഞൾ നീരും നെല്ലിയ്ക്ക നീരും സമം ചേർത്ത് വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സാധിക്കും. ആന്റി ബയോട്ടിക്ക് പ്രോപ്പർട്ടി മഞ്ഞളിൽ ധാരാളമായി ഉള്ളതിനാൽ മുറിവുകളിൽ മഞ്ഞൾ പൊടിയിട്ടാൽ മുറിവുണങ്ങാനും വേദന മാറാനും സഹായിക്കും.

മഞ്ഞൾ മാത്രമായി കഴിക്കുന്നത് ചിലർക്ക് നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്നതാണ്. അങ്ങനെയുള്ളവർ മഞ്ഞൾ മാത്രമായി കഴിക്കുന്നതിനു പകരം കറികളിലും മറ്റും ചേർത്ത് കഴിക്കാൻ ശ്രദ്ധിക്കണം. മഞ്ഞൾ കഴിക്കുന്നതുകൊണ്ട് ചില വ്യക്തികൾക്ക് വയറിളക്കത്തിനു സാധ്യതയുണ്ട് അത്തരക്കാർ മഞ്ഞൾ മാത്രം ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്. നിരവധി ആയുർവേദ മരുന്നുകളിൽ മഞ്ഞൾ ഒരു പ്രധാന ഘടകമായി ഉപയോഗിക്കുന്നുണ്ട്. അതിനാൽ മഞ്ഞൾ ഒരു ചില്ലറക്കാരനല്ല, നിരവധി ഔഷധഗുണങ്ങൾ ഉള്ള ഒരു പ്രധാനി തന്നെയാണ്. Credit : Health adds Beauty